തൃശൂർ: ഗുരുവായൂരിൽ വോട്ട് രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഗുരുവായൂരപ്പന് നന്ദി രേഖപ്പെടുത്തി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിൽ ഇത്തവണ രാഷ്ട്രീയ അമ്പരപ്പുകൾ ഉണ്ടാകുമെന്ന് പറഞ്ഞ സുരേഷ് ഗോപി, ബിജെപി നിർണായക ശക്തിയായി മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലക്കാട് ‘വോട്ടിന് നോട്ട്’ വിവാദത്തെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, ചിലരെ ലക്ഷ്യമിട്ട് വേട്ടയാടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു. മുൻപും തനിക്കെതിരെ ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിൽ വിജയിച്ചാലും പ്രവർത്തിക്കാൻ അനുവദിക്കാതെ കോടതികളിൽ കുടുക്കാൻ ശ്രമമുണ്ടാകുമെന്നുമാണ് ആരോപണം.
ശോഭ സുരേന്ദ്രൻ വിജയിച്ചാൽ അവരെ എംഎൽഎയായി തുടരാൻ അനുവദിക്കില്ലെന്ന മനോഭാവമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്നും, കോടതിയിൽ പോകാനുള്ള വഴികൾ മുൻകൂട്ടി തയ്യാറാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ ഇത്തരം വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

