Home Keralaചരിത്രവിജയം ഉറപ്പ്, പിണറായി വിജയന് ജനങ്ങൾ ഗുഡ് ബൈ നൽകും: രമേശ് ചെന്നിത്തല

ചരിത്രവിജയം ഉറപ്പ്, പിണറായി വിജയന് ജനങ്ങൾ ഗുഡ് ബൈ നൽകും: രമേശ് ചെന്നിത്തല

by news_desk
0 comments

ആലപ്പുഴ: കേരളത്തിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും റിപ്പോർട്ടുകളെല്ലാം ആവേശകരമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്താതെ അന്തസ്സായ പ്രചാരണമാണ് യുഡിഎഫ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ജനങ്ങൾ പിണറായി വിജയന് ഗുഡ് ബൈ നൽകാൻ തയ്യാറെടുത്തു കഴിഞ്ഞെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പലയിടങ്ങളിലും സിപിഎം-ബിജെപി അന്തർധാരയുണ്ടെന്നും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രി കേരളത്തിൽ നിന്നാകും’ എന്നായിരുന്നു ചെന്നിത്തലയുടെ നയപരമായ മറുപടി. ആലപ്പുഴയിൽ നിന്നോ എറണാകുളത്ത് നിന്നോ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തെ ശക്തമായി നയിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പരോക്ഷമായി പ്രകടിപ്പിച്ചു. എറണാകുളത്ത് നിന്ന് ഒരാൾ മുഖ്യമന്ത്രിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് അനുകൂലമായ കാറ്റാണ് സംസ്ഥാനത്ത് വീശുന്നതെന്ന് ചെന്നിത്തല അവകാശപ്പെട്ടു. പോളിങ് ശതമാനം ഉയർന്നത് യുഡിഎഫിന്റെ വിജയസാധ്യത വർദ്ധിപ്പിക്കും. വയനാട് ഫണ്ട് വിവാദവും തീരദേശ മേഖലയിലെ വോട്ടുകളും യുഡിഎഫിന് വലിയ ഗുണം ചെയ്യും. പശ്ചിമേഷ്യൻ സമാധാന ചർച്ചകളും എണ്ണവിലയിലെ കുറവും പ്രവാസി കുടുംബങ്ങൾക്കിടയിൽ യുഡിഎഫിന് സ്വീകാര്യത നൽകിയിട്ടുണ്ട്. ശബരിമല കേസിൽ സുപ്രീം കോടതി നടത്തിയ പുതിയ നിരീക്ഷണങ്ങൾ വിശ്വാസികളുടെ വോട്ട് യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ഹരിപ്പാട് മണ്ഡലത്തിൽ ജനങ്ങൾ തനിക്ക് വലിയ ഭൂരിപക്ഷം നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വനിതാ സംവരണ ബിൽ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like