Home Nationalനർമ്മദയിൽ ആയിരങ്ങൾ ലിറ്റർ പാൽ ഒഴുക്ക്; ‘അഭിഷേകം’ വിവാദമായി, ശക്തമായ വിമർശനം

നർമ്മദയിൽ ആയിരങ്ങൾ ലിറ്റർ പാൽ ഒഴുക്ക്; ‘അഭിഷേകം’ വിവാദമായി, ശക്തമായ വിമർശനം

by news_desk1
0 comments

ഭോപ്പാൽ: നർമ്മദ നദിയിൽ വിശ്വാസത്തിന്റെ പേരിൽ ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിയ സംഭവം വിവാദമായി. മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 11,000 ലിറ്റർ പാൽ നദിയിൽ ഒഴുക്കിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

സത്‌ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. 21 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായി 41 ടൺ നെയ്യ് ഉപയോഗിച്ച യജ്ഞം, ശിവമഹാപുരാണ പാരായണം, 151 ഭക്തന്മാരുടെ ദുര്‍ഗാപഠനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

നദിയിലേക്ക് പാൽ ഒഴുക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്ത് നിരവധി കുട്ടികൾ പോഷകാഹാരക്കുറവിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ പാൽ നശിപ്പിക്കുന്നത് അനാവശ്യമാണെന്നാണ് വിമർശനം.

പരിസ്ഥിതി പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചു. ഇത്രയും പാൽ ജലത്തിൽ കലരുന്നത് ജലത്തിലെ ഓക്സിജൻ അളവ് കുറയ്ക്കാനും, ജലജീവികളുടെ നിലനിൽപ്പിനെ ബാധിക്കാനും, ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ചടങ്ങിനെ പിന്തുണച്ച് വിശ്വാസികളും രംഗത്തെത്തി. നർമ്മദാ നദിയെ ‘അമ്മ’യായി കാണുന്ന വിശ്വാസത്തിന്റെ ഭാഗമായി നടത്തിയ അഭിഷേകമാണിതെന്നും, നദിയുടെ ശുദ്ധീകരണത്തിനും തീർത്ഥാടകരുടെ ക്ഷേമത്തിനുമായി നടത്തിയ ആചാരമാണെന്നും സംഘാടകർ വ്യക്തമാക്കി. സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നും മതാചാരങ്ങളെ ചോദ്യം ചെയ്യരുതെന്നും അവർ കൂട്ടിച്ചേർത്തു.

You may also like