Home Keralaലേണേഴ്സ് പരീക്ഷയ്‌ക്ക് സ്വന്തം വാഹനം ഓടിച്ചെത്തി; യുവതിക്ക് 5000 രൂപ പിഴയിട്ട് ആർടിഒ

ലേണേഴ്സ് പരീക്ഷയ്‌ക്ക് സ്വന്തം വാഹനം ഓടിച്ചെത്തി; യുവതിക്ക് 5000 രൂപ പിഴയിട്ട് ആർടിഒ

by news_desk1
0 comments

പാലക്കാട്: ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനായി മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴ. പാലക്കാട് ആലത്തൂരിലാണ് സംഭവം. ലൈസൻസില്ലാതെ വാഹനം ഓടിച്ച യുവതിക്കും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ വാഹന ഉടമയായ ഭർത്താവിനും ആലത്തൂർ സബ് ആർടിഒ ഓഫീസ് 5,000 രൂപ വീതം പിഴ ചുമത്തി.

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്കായി എത്തിയ യുവതി പരീക്ഷാകേന്ദ്രത്തിലേക്ക് വാഹനം ഓടിച്ചെത്തുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പരീക്ഷയ്ക്ക് എത്തിയപ്പോൾ ഉദ്യോഗസ്ഥർ ഇക്കാര്യം ചോദിച്ചറിഞ്ഞ് സ്ഥിരീകരിക്കുകയായിരുന്നു.

ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിനുമാണ് നടപടി സ്വീകരിച്ചത്. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർടിഒ വ്യക്തമാക്കി.

സംഭവം റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.

You may also like