തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികയുന്നതിന് മുമ്പേ തന്നെ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ വലയം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാൻ നടത്തിയ നീക്കങ്ങളെ കുറിച്ച് തെളിവുകൾ സഹിതം മാധ്യമങ്ങൾ പുറത്തുവിട്ടതായി ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ പ്രതികരണം. അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ വകുപ്പുമന്ത്രിയെയോ കോൺഗ്രസ് നേതൃത്വത്തെയോ അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ചരടുവലികൾ നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് ഭരണസംവിധാനം ഉപയോഗിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും പല കാര്യങ്ങളും മറച്ചുവെക്കാനുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രിയും സർക്കാരും കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
താൻ നിയമസഭയിൽ നടത്തിയ പ്രസംഗം സഭാരേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് തന്നെ സർക്കാരിന്റെ പരിഭ്രമം വ്യക്തമാക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞിട്ടില്ല. അതിനുള്ളിൽ തന്നെ അഴിമതിയുടെ ദുരൂഹതകൾ ഈ സർക്കാരിനെ വലയം ചെയ്തു കഴിഞ്ഞു. സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം വമ്പൻ അഴിമതികൾക്കും കോർപ്പറേറ്റ് കൊള്ളകൾക്കും വഴിയൊരുക്കുന്നതാണെന്ന പ്രതിപക്ഷത്തിന്റെ വിലയിരുത്തലിനെ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബക്കാർഡി എന്ന കുത്തക മദ്യക്കമ്പനിക്ക് വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കകം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാനാവില്ലെന്നും, നാടിനെ കുത്തകകൾക്ക് തീറെഴുതുകയും മദ്യത്തിൽ മുക്കുകയും ചെയ്യുന്ന സർക്കാർ അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം ജനങ്ങൾ അണിനിരക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. അന്യായമായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

