കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിലായി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ഓടെയാണ് ക്ഷേത്ര കോംപൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടുകൂടിയ മാല അപഹരിച്ചത്.
ക്ഷേത്ര മാനേജർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സ്വർണ്ണവുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കൊല്ലം ഈസ്റ്റ് സബ് ഇൻസ്പെക്ടർ രഞ്ജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ജോയ്, എ.എസ്.ഐ. ഗിരീഷ്, എസ്.സി.പി.ഒ. ആദർശ്, സി.പി.ഒമാരായ ശ്യം, അഖിൽ രാജ്, ജസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സ്വർണ്ണമാലയും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

