കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ, ഭീകര സംഘടനകളെ അനുകൂലിക്കൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതി നിർണായക വിധികൾ പുറപ്പെടുവിച്ചു. ആകെ 46 കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്.
പ്രധാന കേസുകളിലായി 13 പ്രതികൾക്ക് വിവിധ കാലാവധിയിലുള്ള തടവുശിക്ഷകൾ വിധിച്ച കോടതി, പ്രതികൾക്കും ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്കുമായി മൊത്തം 31 കോടി കുവൈത്ത് ദിനാറിലധികം പിഴയും ചുമത്തി.
കള്ളപ്പണം വെളുപ്പിച്ച കേസിൽ നാല് പ്രതികൾക്ക് 10 വർഷം വീതം തടവും ഏകദേശം 19.9 കോടി കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചു. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വെളുപ്പിച്ച തുകയ്ക്ക് തുല്യമായ ഏകദേശം 9.9 കോടി ദിനാർ പിഴ ചുമത്തുകയും അവയുടെ വാണിജ്യ പ്രവർത്തനങ്ങൾ സ്ഥിരമായി നിരോധിക്കുകയും ചെയ്തു. വിധിയുടെ സംഗ്രഹം ഔദ്യോഗിക ഗസറ്റിലും ബന്ധപ്പെട്ട വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഭീകര സംഘടനയ്ക്ക് ധനസഹായം നൽകിയ കേസിൽ മൂന്ന് കുവൈത്ത് പൗരന്മാരും ഒരു ലബനൻ സ്വദേശിയും ഉൾപ്പെടെ നാല് പ്രതികൾക്ക് 10 വർഷം വീതം തടവും 60 ലക്ഷം കുവൈത്ത് ദിനാർ പിഴയും വിധിച്ചു. കള്ളപ്പണക്കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്ക് 10 വർഷം തടവും 60.7 ലക്ഷം ദിനാർ പിഴയും ചുമത്തി.
അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയതായി കണ്ടെത്തിയ ഫവാസ് അൽ-കസീരിക്ക് അഞ്ച് വർഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിംഗിനുമെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് കോടതിയുടെ കർശന നടപടികളെന്നാണ് വിലയിരുത്തൽ.

