വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് സമീപത്തുകൂടി യാത്രാവിമാനം പറന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രംപ് സഞ്ചരിച്ച മറൈൻ വൺ ഹെലികോപ്ടറിന് സമീപത്തുകൂടിയാണ് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം കടന്നുപോയത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ട്രംപുമായി വൈറ്റ് ഹൗസിൽ നിന്ന് ആൻഡ്രൂസ് എയർ ഫോഴ്‌സ് ബേസിലേക്ക് പുറപ്പെട്ടതായിരുന്നു മറൈൻ വൺ ഹെലികോപ്ടർ. അതേ സമയം, റോണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ എയർലൈൻസിന്റെ ആഭ്യന്തര വിമാനമാണ് ഹെലികോപ്ടറിന് സമീപത്തുകൂടി കടന്നുപോയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ഓടെയാണ് രണ്ട് വിമാനങ്ങളും തമ്മിലുള്ള ഏറ്റവും കുറഞ്ഞ സുരക്ഷിത അകലം ലംഘിക്കപ്പെട്ട ‘ലോസ് ഓഫ് സെപ്പറേഷൻ’ സാഹചര്യം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്റിന് ഒരു ഘട്ടത്തിലും അപകടസാധ്യത ഉണ്ടായിരുന്നില്ലെന്നും ലോകത്തിലെ മികച്ച പൈലറ്റുമാരിൽ ചിലരാണ് മറൈൻ വൺ ഹെലികോപ്ടർ നിയന്ത്രിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായ് വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ തടസ്സമാണ് സംഭവത്തിന് കാരണമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
സംഭവസമയത്ത് എയർ ട്രാഫിക് കൺട്രോളർ യാത്രാവിമാനത്തിന്റെയും മറൈൻ വണ്ണിന്റെയും പൈലറ്റുമാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു. പ്രസിഡന്റ് ഒരിക്കലും അപകടാവസ്ഥയിലായിരുന്നില്ലെന്നും സംഭവത്തെ വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ വർഷം വാഷിങ്ടൺ നാഷണൽ എയർപോർട്ടിന് സമീപം സൈനിക ഹെലികോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ച് 67 പേർ മരിച്ച സംഭവത്തിന് പിന്നാലെ അവിടുത്തെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു.
