കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്.
ജാമ്യ ഹർജിയിൽ, നടിയുടെ അഭിനയത്തെ വിമർശിച്ചതിനെ തുടർന്ന് വൈരാഗ്യത്തോടെ നൽകിയ വ്യാജപരാതിയാണിതെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ, സമാന കേസിൽ മുൻപ് പ്രതിയായിരുന്നുവെന്നും, ജാമ്യം നൽകിയാൽ കേസിന്റെ ഗതി സ്വാധീനിക്കാമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണസംഘം വിശദമായി പരിശോധിച്ചിരുന്നു. സംഭവം നടന്നതായി ആരോപിക്കുന്ന കാരവാനും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് രഞ്ജിത്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.
വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
സിനിമാ ലൊക്കേഷനിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

