തിരുനാവായ: 2027-ൽ നടക്കുന്ന കേരള കുംഭമേളയെ സംസ്ഥാന സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി. 2027-ലെ കുംഭമേളയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർത്ഥാടകരും സന്യാസിമാരും തിരുനാവായയിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. തിരുനാവായയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2027-ലെ മകരസംക്രാന്തി മുതൽ ശിവരാത്രി വരെയുള്ള കാലയളവിലാണ് കേരള കുംഭമേള സംഘടിപ്പിക്കുന്നത്. പ്രയാഗ്‌രാജിൽ എല്ലാ വർഷവും നടക്കുന്ന മാഘമേളയ്ക്ക് സമാനമായ രീതിയിലായിരിക്കും തിരുനാവായ മഹാമാഘ മഹോത്സവം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
2028-ൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് 2027-ൽ കേരളത്തിൽ കുംഭമേള ഒരുങ്ങുന്നത്. രാജ്യത്തെ വിവിധ സന്യാസി പരമ്പരകളിൽപ്പെട്ട പ്രമുഖ സന്യാസിമാർ ഇത്തവണ തിരുനാവായയിൽ ഒത്തുകൂടും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെയും സന്യാസിമാരുടെയും വലിയ പങ്കാളിത്തം മേളയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
