Home Keralaപാലക്കാട് ‘വോട്ടിന് കോഴ’ വിവാദം: ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ആർഡിഒ

പാലക്കാട് ‘വോട്ടിന് കോഴ’ വിവാദം: ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ആർഡിഒ

by news_desk1
0 comments

പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണത്തെ തുടർന്ന് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് അധികാരികൾ രേഖപ്പെടുത്തി. പാലക്കാട് ആർഡിഒയാണ് മൊഴിയെടുത്തത്.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. ശോഭാ സുരേന്ദ്രൻ വോട്ട് തേടി മടങ്ങിയതിന് പിന്നാലെ ഒരു വൃദ്ധയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതായി കോൺഗ്രസ് ആരോപിച്ചു. ശോഭയ്ക്കൊപ്പം എത്തിയതായി പറയുന്ന സിമി സജീവിന്റെ ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പാലക്കാട് പ്രചാരണത്തിന് എത്തിയപ്പോൾ സിമി ശോഭയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ പ്രമീള ശശിധരൻ ഒഴികെ മറ്റൊരു വനിത തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. സംഭവസമയത്ത് ശോഭ കാറിലുണ്ടായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പ്രചരിച്ചുവരുന്നു.

അതേസമയം, ഉയർന്ന എല്ലാ ആരോപണങ്ങളും ശോഭാ സുരേന്ദ്രൻ പൂർണമായും നിഷേധിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് അധികാരികൾ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

You may also like