Home Keralaകണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: മാനസിക പീഡനവും റാഗിംഗും ആരോപിച്ച് കുടുംബം

കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: മാനസിക പീഡനവും റാഗിംഗും ആരോപിച്ച് കുടുംബം

by news_desk1
0 comments

കണ്ണൂർ: കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനവും റാഗിംഗും ആണ് നിതിൻ രാജ് (22) ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നേടിയതെന്ന് കുടുംബം പറയുന്നു.

ജാതിയുടെയും നിറത്തിന്റെയും പേരിൽ വകുപ്പ് മേധാവി നിതിനെ അധിക്ഷേപിച്ചിരുന്നുവെന്നാണ് പിതാവ് രാജൻ ആരോപിച്ചത്. “പുഴുത്ത പട്ടി” എന്നുവിളിച്ച് അപമാനിച്ചതായി മാതാവ് ലത വെളിപ്പെടുത്തി. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നുെന്നും, വിവിധ ഘട്ടങ്ങളിൽ വൈരാഗ്യപരമായ പെരുമാറ്റം നേരിട്ടിരുന്നുവെന്നും കുടുംബം പറഞ്ഞു.

കോളേജിൽ ചേർന്നതുമുതൽ സീനിയർമാരുടെ ഭാഗത്ത് നിന്ന് റാഗിംഗ് ഉണ്ടായിരുന്നുവെന്നും, ഇതുമൂലം നിതിൻ മാനസികമായി തളർന്നിരുന്നുവെന്നും ആരോപണം ഉയരുന്നു. കോളേജിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വീട്ടിൽ പറഞ്ഞതിനെ തുടർന്ന് ചില ദിവസങ്ങൾ വീട്ടിൽ താമസിച്ചിരുന്നതായും കുടുംബം അറിയിച്ചു.

സംഭവദിവസം രാവിലെ സഹോദരിയെ വിളിച്ച് ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടിരുന്ന നിതിൻ, പിന്നീട് ബന്ധപ്പെടാനാവാത്ത നിലയിലായി. ഉച്ചയോടെ കോളേജിൽ നിന്ന് അപകടവിവരം മാത്രമാണ് കുടുംബത്തെ അറിയിച്ചതെന്നും, മരണവിവരം പോലും നേരിട്ട് അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. കോളേജിലെ സാഹചര്യങ്ങളും ആരോപണങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

You may also like