ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഉപരോധ നടപടികളുമായി മുന്നോട്ട് പോകുന്ന അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹോർമുസിൽ തെറ്റായ നീക്കങ്ങൾ നടത്തിയാൽ അത് അമേരിക്കയെ തന്നെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
പാകിസ്താനിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഹോർമുസ് ഉപരോധിക്കാനുള്ള നീക്കം അമേരിക്ക പ്രഖ്യാപിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്ന് പുറത്തേക്കും പോകുന്ന കപ്പലുകളെ തടയാനാണ് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നത്. തിങ്കളാഴ്ച മുതൽ ഉപരോധം ആരംഭിക്കുമെന്ന് സൂചനയുണ്ട്.
ഇതിനിടെ, ഉപരോധം ഇറാനെ ബാധിക്കില്ലെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ഒരു ഭീഷണിക്കുമുമ്പിലും ഇറാൻ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക സൈനിക സമ്മർദ്ദം ചർച്ചകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ഗാലിബാഫ് ആരോപിച്ചു.
ഹോർമുസ് വഴി കടന്നുപോകുന്ന സൈനിക കപ്പലുകളെ ശക്തമായി നേരിടുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. എന്നാൽ ചരക്ക് കപ്പലുകൾ ഉൾപ്പെടെയുള്ള സിവിലിയൻ ഗതാഗതത്തിന് തടസമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള എണ്ണവിലയിൽ ഉയർച്ച രേഖപ്പെടുത്തി. ലോകത്തെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസിൽ സംഘർഷം രൂക്ഷമായാൽ ആഗോള ഊർജ്ജ വിതരണത്തിലും വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ഈ നീക്കം പ്രതിഫലിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇറാനുമായുള്ള യുദ്ധത്തെ എതിർക്കുന്ന വലിയൊരു വിഭാഗം അമേരിക്കയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, സൈനിക നീക്കങ്ങൾ പ്രസിഡൻ്റ് ട്രംപിന് രാഷ്ട്രീയ വെല്ലുവിളിയാകാമെന്ന വിലയിരുത്തലും ശക്തമാണ്.

