വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ ഇറാനെതിരെ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളിലെ സൈനികർ കടുത്ത ഭക്ഷണക്ഷാമം നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ട്രിപ്പൊളി തുടങ്ങിയ കപ്പലുകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ഭക്ഷണം അങ്ങേയറ്റം പരിതാപകരമാണെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഡ്രൈ മീറ്റ് പാറ്റിയും വേവിച്ച കാരറ്റും മാത്രമടങ്ങിയ പ്ലേറ്റുകളുടെ ചിത്രം പുറത്തുവന്നതോടെ സൈനികരുടെ സുരക്ഷയെയും മനോവീര്യത്തെയും കുറിച്ചുള്ള ആശങ്കകൾ ശക്തമായി.
ഡിപ്ലോയ്മെന്റ് ദീർഘിച്ചതോടെ ഭക്ഷണത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവെന്നും കിട്ടുന്ന ഭക്ഷണം തന്നെ സൈനികർ പങ്കിട്ടാണ് കഴിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച് മൂവായിരത്തി അഞ്ഞൂറിലധികം നാവികരും മറീനുകളുമാണ് ഈ കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്നത്. ഇറാന്റെ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകളെ ഉപരോധിക്കുക എന്ന നിർണ്ണായക ചുമതലയാണ് ഇവർക്കുള്ളത്. എന്നാൽ മതിയായ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം സൈനികരുടെ മനോവീര്യം എക്കാലത്തെയും താഴ്ന്ന നിലയിലാക്കിയതായി അവരുടെ കുടുംബാംഗങ്ങൾ പറയുന്നു.
മേഖലയിലെ സംഘർഷം രൂക്ഷമായതോടെ ഗതാഗത സംവിധാനങ്ങൾ താറുമാറായതാണ് ഭക്ഷണക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ അമേരിക്കൻ പോസ്റ്റൽ സർവീസ് 27 സൈനിക കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ ഏപ്രിൽ മുതൽ നിർത്തിവെച്ചിരിക്കുകയാണ്. കപ്പലുകളിൽ കഴിയുന്നവർക്കായി കുടുംബങ്ങൾ അയച്ചുകൊടുക്കുന്ന ഭക്ഷണ സാധനങ്ങളും വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വസ്തുക്കളും കൃത്യസമയത്ത് സൈനികരുടെ പക്കൽ എത്തുന്നില്ല. പോഷകാഹാരത്തിന്റെ കുറവും നിലക്കാത്ത ജോലിയും സൈനികരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടുകൾ നൽകുന്നത്.

