Home Top Stories‘ഷാൾ വേണ്ട’; തമിഴ്‌നാട്ടിൽ ഡിഎംകെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി, ബിജെപിക്കെതിരെ രൂക്ഷവിമർശനം

‘ഷാൾ വേണ്ട’; തമിഴ്‌നാട്ടിൽ ഡിഎംകെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി, ബിജെപിക്കെതിരെ രൂക്ഷവിമർശനം

by news_desk
0 comments

കുളച്ചൽ: തമിഴ്‌നാട്ടിലെ കുളച്ചലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നാടകീയ രംഗങ്ങൾ. പൊതുയോഗത്തിൽ തനിക്ക് ഷാൾ അണിയിക്കാൻ എത്തിയ ഡിഎംകെ മന്ത്രി മനോ തങ്കരാജിനെ രാഹുൽ ഗാന്ധി തടഞ്ഞു. പത്മനാഭപുരം എംഎൽഎയും ക്ഷീരവികസന മന്ത്രിയുമായ മനോ തങ്കരാജ് ആദരസൂചകമായി ഷാൾ നൽകാൻ ശ്രമിച്ചെങ്കിലും രാഹുൽ അത് നിരസിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി രാഹുൽ വേദി പങ്കിടാത്തതും വിജയിയുടെ പാർട്ടിയായ ടിവികെയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാൻ നീക്കം നടത്തുന്നതായുള്ള ചർച്ചകളും നിലനിൽക്കെ, ഈ സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ സംസാരവിഷയമായിട്ടുണ്ട്.

ബിജെപിക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്ന തമിഴ്‌നാടിനോട് തനിക്ക് രാഷ്ട്രീയത്തിന് അപ്പുറമുള്ള ഹൃദയബന്ധമാണെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. തമിഴ് സംസ്‌കാരത്തെയും ഭാഷയെയും ചരിത്രത്തെയും താൻ നെഞ്ചോട് ചേർക്കുന്നു. എന്നാൽ ഡൽഹിയിലിരുന്ന് തമിഴ്‌നാടിനെ ഭരിക്കാനാണ് ബിജെപിയുടെ ശ്രമം. ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന ബിജെപി നയം ഭരണഘടനാ വിരുദ്ധമാണ്. തമിഴർ നയിക്കുന്ന തമിഴ്‌നാടാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹിളാ സംവരണ ബില്ലിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. ഇത് രാജ്യവിരുദ്ധമായ പ്രവർത്തനമായതിനാലാണ് പാർലമെന്റിൽ അതിനെ തടഞ്ഞത്. മണിപ്പൂരിനെ ബിജെപി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ പ്രധാന പാർട്ടിയായ എഐഎഡിഎംകെയെ ഭീഷണിപ്പെടുത്തി ബിജെപി കൈപ്പിടിയിലൊതുക്കി. ദ്രാവിഡ സിദ്ധാന്തത്തെ ആർഎസ്എസ് വെറുക്കുന്നുവെന്നും വീര തമിഴർക്ക് മുന്നിൽ ബിജെപിയുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

You may also like