ബെംഗളൂരു: കടുത്ത വേനൽചൂടിനെ പ്രതിരോധിക്കാൻ നഗരത്തിലെ യുവതി കണ്ടെത്തിയ വേറിട്ട വഴി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബെംഗളൂരു സ്വദേശിനിയായ പ്രിയ പാൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീട്ടിലെ ചൂട് സഹിക്കവയ്യാതെ വന്നപ്പോൾ തണുപ്പിനായി തൊട്ടടുത്തുള്ള എസി ഹോട്ടൽ മുറി ബുക്ക് ചെയ്ത് ഞായറാഴ്ച ചെലവഴിച്ച കഥയാണ് പ്രിയ പങ്കുവെച്ചത്.
ബെംഗളൂരുവിൽ ഈ വർഷം അനുഭവപ്പെടുന്ന കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ എസിയോ എയർ കൂളറോ വാങ്ങാൻ ശ്രമിച്ചെങ്കിലും കടകളിലൊന്നും സ്റ്റോക്കില്ലാത്ത സാഹചര്യമായിരുന്നുവെന്ന് പ്രിയ പറയുന്നു. ഓൺലൈനായി ബുക്ക് ചെയ്താൽ വീട്ടിലെത്താൻ ഒരാഴ്ചയോളം കാത്തിരിക്കണം. ഇതോടെയാണ് അവധി ദിനമായ ഞായറാഴ്ച പുറത്തുപോയി ആഘോഷിക്കുന്നതിന് പകരം എസിയുള്ള ഹോട്ടൽ മുറിയിൽ വിശ്രമിക്കാൻ തീരുമാനിച്ചത്. മുറിയിലെ തണുപ്പിലിരുന്ന് സിനിമകൾ കണ്ടാണ് താൻ സമയം ചെലവഴിച്ചതെന്നും ഈ സാഹചര്യത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിതെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.
വീഡിയോ പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ബെംഗളൂരുവിൽ ചൂട് ക്രമാതീതമായി വർധിച്ചതോടെ പലരും ഇതേ മാർഗ്ഗം സ്വീകരിക്കുന്നുണ്ടെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. നഗരത്തിലെ കടകളിൽ എസിക്കും കൂളറിനും വൻ ക്ഷാമം അനുഭവപ്പെടുന്ന കാര്യവും പലരും ചൂണ്ടിക്കാട്ടി. ചൂടിനെ തോൽപ്പിക്കാൻ യുവതി നടത്തിയ ഈ ‘ബുദ്ധിപരമായ’ നീക്കത്തിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

