കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് രാജ്യമാകെ തീരുമാനിച്ചുകഴിഞ്ഞെന്നും ഇനി വരാനിരിക്കുന്നത് ശക്തമായ പ്രതിഷേധത്തിന്റെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ഗ്യാനേഷ് കുമാറിന്റേത് ജനാധിപത്യ നടപടികളല്ലെന്നും എസ്ഐആറിലൂടെ കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കാനാണ് ശ്രമം നടക്കുന്നതെന്നും പിണറായി ആരോപിച്ചു. എസ്ഐആറിന്റെ ഭാഗമായി നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നിട്ടുണ്ട്. ആർഎസ്എസിന് അനുകൂലമായ നടപടികളാണ് ഗ്യാനേഷ് കുമാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. ആർഎസ്എസിനും ബിജെപിക്കും ഗ്യാനേഷ് കുമാർ എല്ലാ തരത്തിലും അഭിമതനാണ്. കേന്ദ്ര സർക്കാരിന് തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്ന ഒരാളെയാണ് ആവശ്യം. അതുകൊണ്ടാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നും പിണറായി പറഞ്ഞു.
നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതിയായിരുന്നു തെരഞ്ഞെടുപ്പ് കമീഷനെ രൂപീകരിച്ചിരുന്നത്. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള സമിതിയാണ് കേന്ദ്ര സർക്കാർ രൂപീകരിച്ചത്. ഇതിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ളയാളെ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് തുടരാൻ ഗ്യാനേഷ് കുമാർ യോഗ്യനല്ലെന്ന് രാജ്യമാകെ തീരുമാനിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധ സ്വരങ്ങൾ അതിന് തെളിവാണ്. വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെയുള്ള ജനാധിപത്യ വിശ്വാസികൾ പ്രതിഷേധത്തിൽ അണിനിരക്കുകയാണ്. ഇനി അതിശക്തമായ പ്രതിഷേധത്തിന്റെ നാളുകളാണ് വരാനിരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാമെന്ന ബിജെപിയുടെ വ്യാമോഹം ഒരുതരത്തിലും വിലപ്പോകില്ലെന്നും പിണറായി പറഞ്ഞു. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. രാജ്യത്തെ ജനാധിപത്യ പാർട്ടികളും പ്രത്യേകിച്ച് ഇടതുപക്ഷ പാർട്ടികളും പ്രതിഷേധങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തെ പ്രമുഖ നേതാക്കൾ സമരമുഖത്തെത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് എന്നിവരോട് പൊലീസ് അപമാനകരമായ സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി ആരോപിച്ചു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ കഠിനമായ ആക്രമണമാണ് ഉണ്ടായത്. രാജ്യതലസ്ഥാനത്ത് ഭീകരമായ പൊലീസ് വേട്ടയാണ് നടക്കുന്നതെന്നും അതിനെതിരെ സുപ്രീം കോടതി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടികൾക്കെതിരെ പ്രതികരിച്ച പാർട്ടിയാണ് കോൺഗ്രസെന്നും അതേ പാർട്ടിയിലുള്ളയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി. സതീശനെന്നും പിണറായി പറഞ്ഞു. എന്നാൽ കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന അതേ സമീപനമാണ് കേരളത്തിൽ വി. ഡി. സതീശൻ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ വളരെ വിചിത്രമാണ്. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ കാര്യത്തിലും ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. വന്ദേമാതരം, പിഎം ശ്രീ, സർവകലാശാലകളിലെ കാവിവൽക്കരണ ശ്രമം തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയുമായി താതാത്മ്യം പ്രാപിച്ചാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
