Home Nationalരാഹുൽ ഗാന്ധിയുടെ പൗരത്വ കേസ്: അലഹബാദ് ഹൈക്കോടതി ജഡ്ജി പിന്മാറി

രാഹുൽ ഗാന്ധിയുടെ പൗരത്വ കേസ്: അലഹബാദ് ഹൈക്കോടതി ജഡ്ജി പിന്മാറി

by news_desk
0 comments

ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയാണ് കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത്. ഹർജിക്കാരനായ കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ വിഘ്‌നേഷ് ശിശിരൻ കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയെന്ന് വിമർശിച്ച ശേഷമായിരുന്നു ജഡ്ജിയുടെ പിന്മാറ്റം.

ജഡ്ജിയെന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട മാന്യമായ പരിഗണന ഹർജിക്കാരൻ നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനായി കോടതിയെ ഉപയോഗിക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതാണെന്നും ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിൽ എതിർപ്പുണ്ടെങ്കിൽ അപ്പീൽ നൽകാൻ ഹർജിക്കാരന് അവകാശമുണ്ടെന്നും എന്നാൽ കോടതിയിൽ ഇത്തരം സമീപനം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ വസ്തുതകൾ വ്യക്തമായി ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും കോടതി രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നതിന് മുൻപ് ആരോപണവിധേയനായ വ്യക്തിക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടത് നിയമപരമായ അനിവാര്യതയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ അന്വേഷണ ഉത്തരവ് മരവിപ്പിച്ചിരുന്നു. കേസ് ഇപ്പോൾ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസിന് വിട്ടു. ഹർജിക്കാരന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റം കോടതി നടപടികളെ തടസ്സപ്പെടുത്തുന്നതായി നിരീക്ഷിച്ചാണ് ജഡ്ജി പിന്മാറ്റം പ്രഖ്യാപിച്ചത്.

You may also like