Home Top Storiesനിതിന്‍ മരണക്കേസ്: ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു; സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

നിതിന്‍ മരണക്കേസ്: ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു; സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

by news_desk1
0 comments

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യ കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നാലിന്റെതാണ് വിധി.

മരണത്തിന് 16 ദിവസം കഴിഞ്ഞാണ് കേസില്‍ നിര്‍ണായക വിധി വന്നത്. ഡോ. എം.കെ. റാം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, ജാതി അധിക്ഷേപം സംബന്ധിച്ച വകുപ്പ് നിലനില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ കുടുംബവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ജാതി അധിക്ഷേപ വകുപ്പില്‍നിന്ന് ഒഴിവാകാന്‍ താന്‍ പട്ടികജാതിക്കാരനാണെന്ന രേഖ ഡോ. റാം സമര്‍പ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹം ഒബിസി വിഭാഗക്കാരനാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം.കെ. റാം വിദ്യാര്‍ത്ഥിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മാര്‍ക്ക് കുറയ്ക്കല്‍, കുടുംബത്തെ അധിക്ഷേപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നുവെന്നും ആരോപണം ഉണ്ട്.

സംഭവത്തില്‍ ഡോ. എം.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആത്മഹത്യ പ്രേരണയും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമവും ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.

You may also like