Home Internationalയുഎഇക്ക് നേരെ ഇറാൻ നടത്തിയത് ആസൂത്രിത ആക്രമണം; രൂക്ഷ വിമർശനവുമായി ഡോ. അൻവർ ഗർഗാഷ്

യുഎഇക്ക് നേരെ ഇറാൻ നടത്തിയത് ആസൂത്രിത ആക്രമണം; രൂക്ഷ വിമർശനവുമായി ഡോ. അൻവർ ഗർഗാഷ്

by news_desk
0 comments

ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യം തകർന്നെന്നും അറബ് ലീഗ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

അബുദാബി: യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ദീർഘനാളത്തെ പദ്ധതിയനുസരിച്ച് നടപ്പിലാക്കിയ ആസൂത്രിത നീക്കമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമായതിന് പിന്നാലെ ഇറാനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇറാനിൽ നിന്നുണ്ടായത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും മറിച്ച് കൃത്യമായ പ്ലാനിംഗോടെ നടപ്പിലാക്കിയ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഘർഷത്തിലൂടെ മൂന്ന് പ്രധാന കാര്യങ്ങളാണ് വ്യക്തമാകുന്നതെന്ന് അൻവർ ഗർഗാഷ് പറഞ്ഞു. ഓരോ ഗൾഫ് രാഷ്ട്രങ്ങളും തങ്ങളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം ഗൾഫ് മേഖലയിലെ ഐക്യം കൂടുതൽ ശക്തമാക്കണം. നയങ്ങളും നിലപാടുകളും സ്വന്തം താൽപ്പര്യപ്രകാരമായിരിക്കണമെന്നും അതിൽ ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയെയും അറബ് ലീഗിനെയും ഗർഗാഷ് രൂക്ഷമായി വിമർശിച്ചു. ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യം നിലവിൽ ഏറ്റവും താഴ്ന്ന നിലയിലാണെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ പരമ്പരാഗതമായ രീതികൾ ഇനി ഫലം കാണില്ലെന്ന് പറഞ്ഞ അദ്ദേഹം, വിഷയത്തിൽ അമേരിക്ക നടത്തിയ ഇടപെടലുകളെ പ്രശംസിക്കുകയും ചെയ്തു.

You may also like