കിയോഞ്ചാർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക ലഭിക്കാതിരുന്നതിനെ തുടർന്ന് അസ്ഥിക്കൂടവുമായി ബാങ്കിലെത്തി വൃദ്ധൻ. ഒഡിഷയിലെ കിയോഞ്ചാർ ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം.
മല്ലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കിലേക്കാണ് ജിതു മുണ്ട എന്ന വൃദ്ധൻ സഹോദരിയായ കാക്ര മുണ്ടയുടെ അസ്ഥിക്കൂടം ചുമലിൽ ചുമന്ന് എത്തിയത്. രണ്ട് മാസം മുമ്പാണ് കാക്ര മരിച്ചത്. അക്കൗണ്ടിൽ ശേഷിച്ച തുക പിൻവലിക്കാൻ എത്തിയ ജിതുവിനോട് ആവശ്യമായ രേഖകൾ ഇല്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ പണം നൽകാൻ വിസമ്മതിച്ചതോടെയാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് അദ്ദേഹം നീങ്ങിയത്.
കാക്രയുടെ ഭർത്താവും മകനും നേരത്തെ തന്നെ മരിച്ചിരുന്നു. ഏക ബന്ധുവായ ജിതുവിനോട് അക്കൗണ്ട് ഉടമ നേരിട്ട് എത്തുകയോ അവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുകയോ വേണമെന്നായിരുന്നു ബാങ്കിന്റെ നിലപാട്. എന്നാൽ ഗോത്രവിഭാഗത്തിൽപ്പെട്ട ജിതുവിന് മരണ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ കൈവശമുണ്ടായിരുന്നില്ല.
നിസഹായതയിൽ സഹോദരിയുടെ അസ്ഥിക്കൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്റർ ദൂരം നടന്ന് ബാങ്കിലെത്തിയ വൃദ്ധന്റെ കാഴ്ച നാട്ടുകാരെ കണ്ണീരിലാഴ്ത്തി. ബാങ്കിന്റെ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെടുമെന്ന് പൊലീസ് അറിയിച്ചു.
