Home Top Storiesരാഹുൽ ഗാന്ധി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച; കേരളത്തിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡ്

രാഹുൽ ഗാന്ധി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച; കേരളത്തിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡ്

by news_desk
0 comments

അച്ചടക്കലംഘനം തുടർന്നാൽ കർശന നടപടിയെന്ന് എഐസിസി മുന്നറിയിപ്പ്; വി.ഡി സതീശനെതിരെ കൊച്ചിയിൽ ഫ്ലക്സ് പ്രതിഷേധം

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഹുൽ ഗാന്ധി നേരിട്ട് നിർദ്ദേശം നൽകിയിട്ടും ചർച്ചകൾ അവസാനിക്കാത്ത സാഹചര്യത്തിൽ നേതാക്കൾ മറുപടി പറയേണ്ടി വരുമെന്ന് എഐസിസി നേതൃത്വം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള അനാവശ്യ പ്രസ്താവനകൾ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വഴി ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടും ഗ്രൂപ്പ് പോര് തുടരുന്നത് ഗൗരവകരമായാണ് ഹൈക്കമാൻഡ് കാണുന്നത്.

അതിനിടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പോര് തെരുവിലേക്കും വ്യാപിച്ചിരിക്കുകയാണ്. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. പിആർ വർക്കുകളുടെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാൻ നോക്കേണ്ടെന്നാണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉയർന്ന ഫ്ലക്സിൽ പറയുന്നത്. ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് ഈ പ്രതിഷേധം. നേരത്തെ സതീശനെ അനുകൂലിച്ച് ഫ്ലക്സുകൾ വന്നതിനും ചെന്നിത്തലയെ അനുകൂലിച്ച് ഇംഗ്ലീഷ് പത്രത്തിൽ പരസ്യം വന്നതിനും പിന്നാലെയാണിത്.

വിഷയത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുതിർന്ന നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നുമാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതാണ് പാർട്ടിയുടെ രീതി എന്ന് വി.എം സുധീരൻ ഓർമ്മിപ്പിച്ചപ്പോൾ, ജനവികാരം മാനിച്ചാകും തീരുമാനമെന്ന് കെ. ബാബു പ്രതികരിച്ചു. എന്നാൽ അച്ചടക്കവാൾ ഓങ്ങിയിട്ടും നേതാക്കൾക്കിടയിലെ അവകാശവാദങ്ങൾ അവസാനിക്കാത്തത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.

You may also like