Home Top Storiesരഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: തെളിവുണ്ടെന്ന് അന്വേഷണ സംഘം; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: തെളിവുണ്ടെന്ന് അന്വേഷണ സംഘം; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

by news_desk
0 comments

അന്വേഷണം പൂർത്തിയായി, കുറ്റപത്രം ഉടൻ സമർപ്പിക്കും; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ നാളെ കോടതിയിലേക്ക്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിലെ മറ്റു പ്രതികളായിരുന്ന നടൻ ബോബി കുര്യൻ, സഹസംവിധായക ശാലിനി എന്നിവർക്ക് എസ്‌ഐടി ക്ലീൻ ചിറ്റ് നൽകി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ ഇവർ സഹായിച്ചുവെന്നതിന് മതിയായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

നിലവിൽ ജാമ്യത്തിലുള്ള രഞ്ജിത്ത് വ്യവസ്ഥകളിൽ ഇളവ് തേടി നാളെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ജില്ല വിട്ടു പോകാൻ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് കോടതിയെ അറിയിക്കുക. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നേരത്തെ രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരുന്നു. സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം നൽകി കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി നൽകിയ പരാതി. രഞ്ജിത്തിന്റെ സിനിമയിൽ അഭിനയിക്കാൻ എത്തിയതായിരുന്നു ഈ യുവതി.

എന്നാൽ നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ആരോപണം വ്യാജമാണെന്നുമാണ് രഞ്ജിത്ത് ജാമ്യഹർജിയിൽ വാദിച്ചിരുന്നത്. എന്നാൽ രഞ്ജിത്ത് നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്ന് സാഹചര്യം അനുകൂലമായതിനാലാണ് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച വാദം. എസ്‌ഐടി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ കേസിൽ നിർണ്ണായകമായ തുടർനടപടികൾ ആരംഭിക്കും.

You may also like