പവർകട്ട് ഇല്ലാത്ത പത്തുവർഷമെന്ന പിആർ വർക്കുകൾ തകർന്നു; കെഎസ്ഇബിയുടെ വീഴ്ചയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനിടെ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന അവകാശവാദവുമായി നാട് നീളെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപേ കെഎസ്ഇബി ജനത്തെ ഇരുട്ടിലാക്കി തുടങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാൻ നടത്തിയ പിആർ വർക്കുകൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
പിണറായി വിജയൻ സർക്കാരിന്റെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയുമാണ് കെഎസ്ഇബിയെ ഇന്നത്തെ പടുകുഴിയിൽ എത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിയും വരെ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കൈമലർത്തുകയാണ്. കഠിനമായ വേനലും വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവും മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബിയെ നഷ്ടത്തിലേക്ക് തള്ളിയിട്ട് വരുംതലമുറയുടെ മേൽ വലിയ കടബാധ്യതയാണ് ഈ സർക്കാർ വരുത്തിവെച്ചിരിക്കുന്നത്.
നാലാം തീയതി ഭരണം മാറുമ്പോൾ യുഡിഎഫ് വന്നതുകൊണ്ടാണ് പവർകട്ട് എന്ന് പറയാൻ ഇവിടെ ക്യാപ്സ്യൂൾ ഫാക്ടറികൾ റെഡിയായി ഇരിപ്പുണ്ടാകുമെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. എന്നാൽ ഇത് പിണറായി സർക്കാർ കഴിഞ്ഞ എട്ടു വർഷം കൊണ്ട് വരുത്തിവെച്ച വിനയാണെന്ന് ജനത്തിന് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവർകട്ട് മുക്തമെന്ന വാഗ്ദാനം ആരെ പറ്റിക്കാനായിരുന്നു എന്ന് ചോദിച്ച അദ്ദേഹം, സർക്കാരിന്റെ ദയനീയ പരാജയമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും വ്യക്തമാക്കി.
