Home Top Storiesവൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് ലഭിച്ചുതുടങ്ങിയെന്ന് കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് ലഭിച്ചുതുടങ്ങിയെന്ന് കെഎസ്ഇബി

by news_desk
0 comments

ലോഡ് ഷെഡിങ് അധികനാൾ നീണ്ടുനിൽക്കില്ല; പവർ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതിയും വേനൽമഴയും തുണയാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം അധികനാൾ തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയത് വലിയ ആശ്വാസമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമെ നേരത്തെയുള്ള കരാർ പ്രകാരം പവർ എക്‌സ്‌ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതിയും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന വേനൽമഴ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.

മെയ് ആദ്യവാരം സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ ആ സമയമാകുമ്പോഴേക്കും പവർ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാവാട്ട് വൈദ്യുതി പൂർണ്ണമായും ലഭിക്കുമെന്നും ഇതോടെ പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരമാകുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി വിതരണ ശൃംഖലയുടെ സുരക്ഷ മുൻനിർത്തിയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാത്രി ആറ് മണി മുതൽ 12 മണി വരെയുള്ള സമയത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

പ്രകൃതി ചതിച്ചതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം. പത്ത് വർഷത്തിനിടയിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു ലോഡ് ഷെഡിങ് പ്രഖ്യാപിക്കേണ്ടി വരുന്നത്. കടുത്ത വേനലും ജലക്ഷാമവും വൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ചതോടെ വിതരണ ശൃംഖല നേരിടുന്ന ആഘാതം കുറയ്ക്കാൻ നിയന്ത്രണം അത്യാവശ്യമാണെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടി. എങ്കിലും പുതിയ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി എത്തിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങൾ ഉടൻ നീക്കാനാവുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

You may also like