ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ കേസുകൾ പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവിറക്കി. കേസ് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി ഉടൻ തീരുമാനിക്കും. നിതിൻ രാജിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്ന ആവശ്യമുയരുന്നതിനിടെയാണ് അന്വേഷണം പ്രത്യേക വിഭാഗത്തിന് കൈമാറാൻ തീരുമാനമായത്.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നടത്തിയ കേരള ഹർത്താൽ നേരിടുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. ഹർത്താലിന് ദിവസങ്ങൾക്ക് മുൻപേ ആഹ്വാനമുണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കടകൾ അടപ്പിക്കുന്നതും വാഹനങ്ങൾ തടയുന്നതും ഉൾപ്പെടെയുള്ള പ്രതിഷേധ സാധ്യതകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് പരാജയപ്പെട്ടു. ഇത് പലയിടങ്ങളിലും പ്രതിഷേധക്കാരെ നേരിടാൻ ആവശ്യമായ പോലീസ് സേന ഇല്ലാത്ത അവസ്ഥയുണ്ടാക്കി. ഡിഎച്ച്ആർഎം (DHRM) ഉൾപ്പെടെയുള്ള സംഘടനകളുടെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരം പള്ളിപ്പുറം ഉൾപ്പെടെയുള്ള ദേശീയപാതകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത് പോലീസിന്റെ അനാസ്ഥ മൂലമാണെന്നും വിമർശനമുണ്ട്. മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്കുള്ള രോഗികളും വിഐടി എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളും വഴിയിൽ കുടുങ്ങിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെ, നീതിക്ക് വേണ്ടി സമരം ചെയ്ത സംഘടനകൾക്കെതിരെ ഹർത്താലിന്റെ പേരിൽ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. 52 ഓളം ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്നാണ് ഹർത്താൽ സംഘടിപ്പിച്ചത്.
