തെഹ്റാൻ: യുഎസ്–ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ 14 ഇന നിർദേശങ്ങൾ മുന്നോട്ടുവച്ചു. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിച്ച് 30 ദിവസത്തിനകം സമഗ്ര പരിഹാരം കൈവരിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
അമേരിക്ക രണ്ട് മാസത്തെ വെടിനിർത്തൽ നിർദേശിച്ചിരിക്കുമ്പോഴാണ് ഇറാൻ അതിനെക്കാൾ വേഗത്തിൽ പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്ന നിലപാട് എടുത്തത്. ഭാവിയിൽ ഇത്തരം സൈനികാക്രമണങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് നൽകണം, ഇറാന്റെ അതിർത്തിയിൽ നിന്ന് യുഎസ് സേന പിന്‍വലിക്കണം, നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ മോചിപ്പിക്കണം, നഷ്ടപരിഹാരം നൽകണം, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.
ലെബനനിലെ ആക്രമണം അവസാനിപ്പിക്കൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം കൊണ്ടുവരിക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, ഏപ്രിൽ 8 മുതൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ പശ്ചാത്തലത്തിലാണ് ഈ നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, ഇറാൻ സമർപ്പിച്ച കരാറിന്റെ രൂപരേഖ ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ നിർദേശങ്ങൾ മുഴുവൻ അംഗീകരിക്കാനാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇറാൻ അതിരുകടന്നാൽ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ ഉപരോധം തുടരാനാണ് അമേരിക്കയുടെ നിലപാട്. സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ച് ഇറാനെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള നീക്കങ്ങളാണ് തുടരുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
