തൃത്താല: തൃത്താല നിയമസഭാ മണ്ഡലത്തിൽ തോൽവി ഉറപ്പായതോടെ മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. ആറാം റൗണ്ടിൽ തന്നെ ഫലം വ്യക്തമായ സാഹചര്യത്തിൽ വിജയിച്ച വി.ടി. ബൽറാംക്ക് അഭിനന്ദനം അറിയിച്ചതായി രാജേഷ് പറഞ്ഞു.
“മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ല. ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്. ആരും വനവാസത്തിന് പോകില്ല. സമരമുഖത്ത് ഞങ്ങൾ തുടരും” എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.
തൃത്താലയിൽ തുടക്കത്തിൽ തന്നെ വി.ടി. ബൽറാം വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഈ വിജയം കൂടുതൽ ശ്രദ്ധേയമായി.
സംസ്ഥാനത്തെ ആകെ പ്രവണതകൾ പ്രകാരം ഐക്യജനാധിപത്യ മുന്നണി 96 സീറ്റുകളിൽ മുന്നിലാണ്. ഇടതുമുന്നണി 41 സീറ്റുകളിലും ദേശീയ ജനാധിപത്യ സഖ്യം 3 സീറ്റുകളിലും ലീഡ് നിലയിലാണ്.
ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിലായിരുന്നെങ്കിലും പിന്നീട് ചില മണ്ഡലങ്ങളിൽ നിലമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തുടക്കത്തിൽ പിന്നിലായെങ്കിലും പിന്നീട് ലീഡ് നേടി.
43 കേന്ദ്രങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് എണ്ണൽ പുരോഗമിക്കുന്നത്. ഉച്ചയോടെ ഫലത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകീട്ട് അഞ്ചിന് മുമ്പ് അന്തിമഫല പ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

