തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട പരാജയത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും കൂടുതൽ ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമായിരുന്നുവെങ്കിലും വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടപ്പാക്കിയ വികസന-ജനക്ഷേമ പദ്ധതികൾ കേരളത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, പൊതുആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടുവെച്ച നയങ്ങൾ തുടർന്നും ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടികളെയും പിന്തുണയ്ക്കുമെന്നും ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു. മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ വ്യാജപ്രചാരണങ്ങളും വസ്തുതാവിരുദ്ധ പ്രചരണങ്ങളും നടന്നുവെന്ന് ആരോപിച്ച പിണറായി വിജയൻ, ചില മാധ്യമങ്ങളുടെ പങ്കും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് വിമർശിച്ചു. എൽഡിഎഫിന്റെ നിലപാടുകളിലും പ്രവർത്തനങ്ങളിലുമുണ്ടായ വീഴ്ചകൾ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും പ്രവർത്തകരുടേയും പൊതുസമൂഹത്തിന്റേയും അഭിപ്രായങ്ങൾ ഗൗരവമായി കേൾക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. കേരള ജനതയുടെ വിശ്വാസം വീണ്ടും നേടിയെടുക്കാൻ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

