തിരുവനന്തപുരം: മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി ഒരുഘടകമല്ലെന്ന് കെ. മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തന്റെ പേര് ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പേരെടുക്കുമ്പോള്‍ വിട്ടുപോയതാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ഏകകക്ഷി സര്‍ക്കാരല്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായവും എം.എല്‍.എമാരുടെ പിന്തുണയും നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഫ്ളക്സുകളുടെയും ജാഥകളുടെയും അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിശ്ചിത നടപടിക്രമങ്ങളുണ്ടെന്നും അതനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യങ്ങള്‍ വഷളായിട്ടില്ലെന്നും ചില നേതാക്കളുടെ അനുകൂലികള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ ഫ്ളക്സുകളിലൂടെയും പ്രകടനങ്ങളിലൂടെയും പ്രകടിപ്പിക്കുന്നതാണെന്നും മുരളീധരന് പറഞ്ഞു. എന്നാല്‍ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ ശരിയായ രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളോ ഫ്ളക്സുകളോ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കിലും അതിന്റെ ആവശ്യകത ഇല്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന സൂചനപ്രകാരം 24 മണിക്കൂറിനകം തീരുമാനമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിനോട് അറിയിച്ച അഭിപ്രായം പരസ്യമായി പറയില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ വികാരം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അത്തരമൊരു പ്രവര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്നും ഫ്ളക്സില്‍ തുപ്പുന്നതുപോലുള്ള നടപടികള്‍ ചിലരുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു വിമര്‍ശനം.

