Home Keralaഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

by news_desk1
0 comments

കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തെ തുടർന്ന് തനിക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് ഹർജി നൽകിയത്.

സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും തുടർ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയ ഉത്തരമായിരുന്നു വി.ഡി. സവർക്കറുടെ പേര്. ഇതിന്റെ പേരിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നത് അന്യായമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

സവർക്കറുടെ തടവുജീവിതവുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാരിന്റെ പക്കലുണ്ടെന്നും സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

2026 ഓഗസ്റ്റ് ആറിന് നടന്ന ഫ്രീഡം ക്വിസിൽ “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന ഉത്തരമാണ് നൽകിയിരുന്നത്. കുമ്പള, കാസർകോട്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിലാണ് വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതെന്ന ആരോപണം ഉയർന്നത്.

തുടർന്നാണ് അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾക്ക് സ്റ്റേ അനുവദിക്കണമെന്നുമാണ് അധ്യാപകൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

You may also like