ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ. വിസികെ നേതൃത്വവും മുസ്ലിം ലീഗും ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെ ഭൂരിപക്ഷ രേഖ പിന്നിട്ടത്. വിസികെ ഔദ്യോഗിക പിന്തുണ കത്ത് ടിവികെ നേതൃത്വത്തിന് കൈമാറിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യമായ അംഗബലം പാര്‍ട്ടിക്ക് ലഭിച്ചു.
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 118 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ ടിവികെ 107 സീറ്റുകള്‍ നേടിയിരുന്നു. തുടര്‍ന്ന് അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 112 ആയി. പിന്നീട് രണ്ട് അംഗങ്ങള്‍ വീതമുള്ള സിപിഐഎം, സിപിഐ, വിസികെ എന്നിവയുടെ പിന്തുണയും ലഭിച്ചതോടെ ടിവികെ 118 എന്ന മാജിക് നമ്പറിലെത്തി.
ഇതിനിടെ മുസ്ലിം ലീഗും ടിവികെയെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു. രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയ് നയിക്കുന്ന മുന്നണിയുടെ അംഗബലം 120 ആയി ഉയര്‍ന്നു.
രാവിലെ 11 മണിയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ആവശ്യമായ പിന്തുണ കത്തുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതോടെ നടപടികള്‍ താത്കാലികമായി നിലച്ചിരുന്നു. വിസികെ നേരത്തെ പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഔദ്യോഗിക കത്ത് കൈമാറാത്തതും മുസ്ലിം ലീഗ് ആദ്യം പിന്തുണ കത്ത് നല്‍കില്ലെന്ന് വ്യക്തമാക്കിയതുമാണ് അനിശ്ചിതത്വത്തിന് കാരണമായത്.
ഇപ്പോൾ ഭൂരിപക്ഷം ഉറപ്പായ സാഹചര്യത്തില്‍ വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്നാണ് സൂചന. തുടര്‍ന്നുള്ള നടപടികളിലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

