കൊച്ചി: മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കെ. കരുണാകരനെക്കുറിച്ച് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അനാവശ്യമായ കാര്യങ്ങൾ ഇനിയും വിളിച്ചുപറഞ്ഞാൽ അദ്ദേഹത്തിന്റെ പഴയ ചരിത്രങ്ങൾ താൻ പരസ്യമാക്കുമെന്നും പത്മജ മുന്നറിയിപ്പ് നൽകി.
കെ. കരുണാകരനെ വിമർശിക്കാൻ കെ.വി. തോമസിന് യോഗ്യതയില്ലെന്നും അതിനായി അദ്ദേഹം പത്ത് ജന്മം ജനിക്കണമെന്നും പത്മജ പരിഹസിച്ചു. കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്കല്ല, കുമ്പളങ്ങിയിൽ നിന്ന് അദ്ദേഹം എങ്ങനെ പുറത്തുവന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കരുണാകരൻ ക്ഷീണിതനായപ്പോൾ എ.കെ. ആന്റണിയുടെ ക്യാമ്പിലേക്ക് വിവരങ്ങൾ ചോർത്തി നൽകി അദ്ദേഹം ചതിക്കുകയായിരുന്നു. നന്ദിയില്ലാത്ത പെരുമാറ്റമാണ് കെ.വി. തോമസിന്റേതെന്നും അവർ കുറ്റപ്പെടുത്തി.
കെ. മുരളീധരനെ കെപിസിസി പ്രസിഡന്റാക്കുന്ന കാര്യത്തിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. പുസ്തകം വിറ്റുപോകാൻ വേണ്ടി എന്ത് വൃത്തികേടും എഴുതിവെക്കുന്ന രീതി നിർത്തണം. കരുണാകരന്റെ അവസാന കാലത്ത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വ്യക്തി സോണിയ ഗാന്ധിയായിരുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരെ സഹിക്കാൻ പറ്റാതെയാണ് അദ്ദേഹം അന്ന് പാർട്ടി വിട്ടതെന്നും പത്മജ വിശദീകരിച്ചു.
മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വീട്ടിലെത്തിയിരുന്നുവെന്നും നരസിംഹറാവുവുമായുള്ള ബന്ധം വഷളായെന്നുമുള്ള പുസ്തകത്തിലെ വാദങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നുവെന്നും താൻ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് അന്ന് പിന്മാറിയതെന്നും പത്മജ വ്യക്തമാക്കി. കെ.വി. തോമസിന്റെ പുസ്തകം യുഡിഎഫിനകത്തും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇനിയും പ്രകോപനം തുടർന്നാൽ കെ.വി. തോമസിന്റെ രാഷ്ട്രീയ ഭൂതകാലം തുറന്നുപറയാൻ മടിക്കില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

