Home Localമുളകുപൊടി വിതറി 28 ലക്ഷം കവർച്ച; 10 മിനിറ്റിനകം പ്രതികൾ പിടിയിൽ, 3 പേർ അറസ്റ്റിൽ

മുളകുപൊടി വിതറി 28 ലക്ഷം കവർച്ച; 10 മിനിറ്റിനകം പ്രതികൾ പിടിയിൽ, 3 പേർ അറസ്റ്റിൽ

by news_desk1
0 comments

ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് പത്തുമിനിറ്റിനുള്ളിൽ പിടികൂടി.

മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്.എൽ. പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 28,23,800 രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വർണ്ണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്‌വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്ലാമിനെ (52) ഒന്നാം പ്രതി ശ്രീജിത്ത് കാർത്തികപ്പള്ളിയിലെ ഒരു ഫൈനാൻസിന്റെ ചീട്ട് അയച്ച് വിശ്വസിപ്പിച്ചു.

ആലപ്പുഴയിൽ നിന്ന് സ്കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തിയ നാസറിനൊപ്പം വാഹനത്തിന്റെ പിന്നിൽ കയറിയ ശ്രീജിത്ത് ആറാട്ടുപുഴ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡ് സമീപത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനെന്ന വ്യാജേന വാഹനം നിർത്തിച്ച ശേഷം നാസറിന്റെ കണ്ണിൽ മുളകുപൊടി വിതറി ബാഗുമായി ഓടി രക്ഷപ്പെട്ടു.

തുടർന്ന് സമീപ റോഡിൽ സ്കൂട്ടറുമായി കാത്തുനിന്ന അനീഷും അരവിന്ദും ചേർന്ന് ശ്രീജിത്തിനൊപ്പം തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു. മൂന്നുപേർ സ്കൂട്ടറിൽ പണം കവർന്ന് പോകുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി മതുക്കൽ ജങ്കാറിന് സമീപം വെച്ച് ഇവരെ പിടികൂടുകയായിരുന്നു.

കോട്ടയം ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് നടത്തിയ ഗൂഢാലോചനയാണ് കവർച്ചയ്ക്ക് പിന്നിൽ. ജാമ്യത്തിലിറങ്ങിയ ശേഷം അരവിന്ദിന്റെ വീട്ടിൽ താമസിച്ചാണ് പദ്ധതി തയ്യാറാക്കിയത്. പണയ ഉരുപ്പടികൾ സംബന്ധിച്ച പണമിടപാട് തർക്കവും കവർച്ചയ്ക്ക് കാരണമായി.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

You may also like