Home Localഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

by news_desk1
0 comments

തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുടയിലെ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇക്കണോമിക് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ തട്ടിപ്പിനിരയായതെന്നാണ് കേസ്. പ്രതികൾ പരാതിക്കാരനെ ‘ബി1 ഗോൾഡ് സ്റ്റോക്ക് ഇൻവസ്റ്റർ ഡിസ്കഷൻ ഗ്രൂപ്പ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് ഷെയർ ട്രേഡിങ് നടത്തുന്നതിനായി ഒരു വെബ്സൈറ്റ് ലിങ്കും ആവശ്യമായ നിർദേശങ്ങളും ഗ്രൂപ്പ് അഡ്മിന്മാർ പല ദിവസങ്ങളിലായി പരാതിക്കാരന് അയച്ചുനൽകി.

ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ആകെ 1,34,50,000 രൂപ അയച്ചുനൽകി. എന്നാൽ നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിൽനിന്നുള്ള ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ പണം തട്ടിയെടുത്തെന്നാണ് പരാതി.

തട്ടിയെടുത്ത തുകയിൽനിന്ന് 20 ലക്ഷം രൂപ വയനാട് വെത്തിരി സ്വദേശിയായ കേസിലെ ഏഴാം പ്രതി ഷനൂഥിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽനിന്ന് നാല് ലക്ഷം രൂപ മലപ്പുറത്തെ ഒരു ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് സ്വർണം വാങ്ങുന്നതിനായി കൈമാറിയതായും ബാക്കി തുക 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി.

ഷനൂഥിനെ കഴിഞ്ഞ വർഷം ജൂൺ 26ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു. തന്റെ ബന്ധുവായ സയ്യിദ് സഫ്വാന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടിലെത്തിയ ഏകദേശം 20 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതെന്ന് ഷനൂഥ് മൊഴി നൽകിയതായി പൊലീസ് പറയുന്നു. മലപ്പുറത്തെ ജ്വല്ലറിയിൽനിന്ന് സ്വർണം വാങ്ങിയ കാര്യം തനിക്ക് അറിയില്ലെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

തുടർന്ന് ഷനൂഥിനെ കുറ്റകൃത്യത്തിന് സഹായിച്ചെന്നാരോപിച്ച് സയ്യിദ് സഫ്വാനെ കേസിൽ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. കേസിലെ പത്താം പ്രതിയാണ് സഫ്വാൻ.

സഫ്വാൻ കേരള ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ 10 ദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ കോടതി ഉത്തരവ് പാലിക്കാതെ ഒളിവിൽ പോയ സഫ്വാൻ കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിമാനത്താവള അധികൃതർ ഇയാളെ തടഞ്ഞുവെച്ച് ജില്ലാ പൊലീസ് മേധാവിയെ വിവരമറിയിച്ചു. തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തി സഫ്വാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ ഇതുവരെ 10 പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഷറഫ് എ, ജി.എസ്.ഐ സുജിത്ത് കുമാർ പി.എസ്, ജി.എ.എസ്.ഐ മനോജ് എ.കെ, സി.പി.ഒ പവിത്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

You may also like