മലപ്പുറം: കുറ്റിപ്പുറം – തിരൂർ റോഡിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘ചോറും മീനും’ റെസ്റ്ററന്റിൽ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലി വൻ സംഘർഷവും കൂട്ടയടിയും. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഹോട്ടലിലെ കസേരകളും മേശകളും തല്ലിത്തകർത്തു.
മീൻ വിളമ്പുന്ന സമയത്ത് 200 രൂപയെന്ന് പറഞ്ഞ ശേഷം ഭക്ഷണം കഴിച്ച് ബില്ല് നൽകിയപ്പോൾ 300 രൂപ ഈടാക്കിയതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. വാക്കേറ്റം പെട്ടെന്ന് തന്നെ കൈയാങ്കളിയായി മാറുകയായിരുന്നു. ഭയന്നോടിയ സ്ത്രീകളും കുട്ടികളും നിലവിളിക്കുന്നതും സംഘർഷത്തിൽ ഹോട്ടൽ ഉപകരണങ്ങൾ നശിപ്പിക്കപ്പെടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
