ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം വലിയ ചർച്ചയായതിന് പിന്നാലെ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി താരം. “പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്” എന്ന അർത്ഥമുള്ള “The Love Is Always Louder” എന്ന കുറിപ്പോടെയാണ് തൃഷ സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത തൃഷയുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ വികാരാധീനയായി നിൽക്കുന്ന തൃഷയുടെ ദൃശ്യങ്ങളും വിജയ്യുടെ അമ്മയെ ചേർത്ത് പിടിക്കുന്ന രംഗങ്ങളും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് തൃഷയുടെ പേരും വിവാദങ്ങളിൽ നിറഞ്ഞത്. വിജയ്ക്കും തമിഴിലെ പ്രമുഖ നടിക്കുമിടയിൽ അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ഈ വിഷയങ്ങളിൽ വിജയ്യോ തൃഷയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് തൃഷയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ധരിച്ച വേഷത്തിലുള്ള ചിത്രങ്ങളോടൊപ്പം പങ്കുവെച്ച കുറിപ്പ് ആരാധകരും വിമർശകരും ഒരുപോലെ ചര്‍ച്ച ചെയ്യുകയാണ്.
വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട തുടർനടപടികൾ എന്താകുമെന്നതും തമിഴ് രാഷ്ട്രീയ-സിനിമാ ലോകം ഉറ്റുനോക്കുകയാണ്. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

