ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെ മുന്‍ കെപിസിസി അധ്യക്ഷന്‍മാരെ ഡല്‍ഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. കെ മുരളീധരന്‍, കെ സുധാകരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടാണ് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കെ സുധാകരന്‍ ഇന്ന് രാത്രിയോടെ ഡല്‍ഹിയിലേക്ക് തിരിക്കും. കെ മുരളീധരനും എം എം ഹസ്സനും നാളെ രാവിലെ തലസ്ഥാനത്തെത്തും. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോകില്ലെന്നും ടെലിഫോണിലൂടെ തന്റെ അഭിപ്രായം അറിയിക്കുമെന്നുമാണ് വിവരം.
അതേസമയം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിലപാടുകളും നിലവിലെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്താനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.
കര്‍ണാടക സന്ദര്‍ശനത്തിലുള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയിലെത്തിയതിന് ശേഷം ചര്‍ച്ചകള്‍ വീണ്ടും സജീവമാകും. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.
സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര ഭിന്നതകള്‍ രൂക്ഷമാകാതിരിക്കാന്‍ സൂക്ഷ്മ നീക്കങ്ങളാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകളും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചയില്‍ മുന്‍നിരയിലുള്ള നേതാക്കള്‍ പിന്മാറാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

