തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന തരത്തിലുള്ള അബ്ദുറഹിമാന്റെ ഇ-മെയിൽ സന്ദേശമാണ് പുറത്തുവന്നത്. സന്ദേശങ്ങളിൽ കായിക സെക്രട്ടറിയുടെയോ ഡയറക്ടറുടെയോ സാന്നിധ്യമില്ലെന്നതും ശ്രദ്ധേയമാണ്.
2025 ഒക്ടോബർ 18ന് എ.എഫ്.എയ്ക്ക് അയച്ച ഇ-മെയിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ റദ്ദാക്കിയ എ.എഫ്.എയുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണമാണ് മുൻ മന്ത്രി മെയിലിൽ നടത്തുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്ന് മെയിലിൽ വ്യക്തമാക്കുന്നുണ്ട്.
‘എ.എഫ്.എ-ആർ.ബി.സി കരാർ വെറും വാണിജ്യ കരാറല്ല’
എ.എഫ്.എ-ആർ.ബി.സി കരാർ വെറും വാണിജ്യ കരാറല്ലെന്നും സർക്കാർ മുൻകൈയിലുള്ള ഉറപ്പാണെന്നും മെയിലിൽ വി. അബ്ദുറഹിമാൻ പറയുന്നു. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളം നൽകിയ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നതായും മുൻ മന്ത്രി മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മെസ്സിയുടെ പേരിലുള്ള ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാനാണ് തീരുമാനം.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടെ ഘടന വിചിത്രമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന പദ്ധതിയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്കായി റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഉത്തരവുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
