Home Top Storiesമാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആർ, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആർ, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

by news_desk1
0 comments

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും , മുഹമ്മദ് റിയാസിനും തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇഡി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടാകുന്നതിനെ ചോദ്യം ചെയ്ത് പൊതുപ്രവർത്തകൻ കെ. എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന്റെ ഉത്തരവ്.

കോടതി ഉത്തരവോടെ സംസ്ഥാന സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ കോൺഗ്രസിനെതിരെയും വലിയ സാമ്പത്തിക ഇടപാട് ആരോപണങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ നേരത്തെയുണ്ടായിരുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളുമുണ്ടെന്നാണ് വാദം. അതിനാൽ ഡയറിക്കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.

എന്നാൽ, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിലൂടെ കൈമാറിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ നിലപാട്. തെളിവുകൾ കൈമാറുന്നതിന് മുമ്പ് പ്രാഥമിക പരിശോധന നടത്തിയതാണെന്നും അതിന്മേൽ വീണ്ടും പ്രാഥമിക പരിശോധന നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നും ഇഡി കോടതിയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിനോട് പ്രതികരിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. നിയമപരമായും രാഷ്ട്രീയപരമായും പാർട്ടി വിഷയത്തെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും ഷോൺ ജോർജ് പുറത്തുവിട്ട പട്ടികയിൽ ബിജെപിയിലെ പ്രമുഖരുടെ പേരുകളും ഉണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. അവയും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like