ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒമ്പതാം ദിവസമായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം.
കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ മുന്നോട്ടുവച്ച നിലപാടുകളും നിരീക്ഷകരുടെ റിപ്പോർട്ടുകളും പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുക. മൂന്ന് നേതാക്കളെയും യുഡിഎഫ് ഘടകകക്ഷികളെയും തീരുമാനം അറിയിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂവെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ മുസ്ലിം ലീഗും കടുത്ത നിലപാടിലാണ്. വി ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ലീഗ്, തീരുമാനം വീണ്ടും നീളരുതെന്ന മുന്നറിയിപ്പും കോൺഗ്രസ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുസ്ലിം ലീഗിന്റെ അടിയന്തര നേതൃയോഗം ഇന്ന് പാണക്കാട് ചേരും. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവർ പങ്കെടുക്കും. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനനുസരിച്ച് തുടർ രാഷ്ട്രീയ സമീപനം തീരുമാനിക്കാനാണ് യോഗം.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകരിലും പൊതുജനങ്ങളിലും അതൃപ്തി ഉയരുന്ന സാഹചര്യത്തിൽ, വേഗത്തിൽ തീരുമാനം പ്രഖ്യാപിക്കണമെന്ന സമ്മർദം കോൺഗ്രസ് നേതൃത്വത്തിന് മേൽ ശക്തമാകുകയാണ്.

