തിരുവനന്തപുരം: സ്വർണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ രാജ്യത്ത് സ്വർണവില വീണ്ടും കുതിച്ചുയരാൻ സാധ്യത. കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതിക്കുള്ള തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു.
10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പെടുന്നതാണ് പുതിയ തീരുവ നിരക്ക്. രാജ്യത്തെ സ്വർണ ഇറക്കുമതി നിയന്ത്രിക്കുകയും വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇതിനിടെ, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും രൂപയുടെ മൂല്യം ശക്തിപ്പെടുത്താനുമാണ് ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കേണ്ടതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ സ്വർണ ഉപഭോഗത്തിന്റെ വലിയൊരു വിഹിതവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ജനങ്ങളുടെ താൽപര്യം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണ നടപടികൾ. ഈ വർഷത്തെ ആദ്യ പാദത്തിൽ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.
അതേസമയം, 2024ൽ കുറച്ച നികുതി വീണ്ടും ഉയർത്തിയതോടെ സ്വർണ കള്ളക്കടത്ത് വർധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.
ഇന്ധന ഉപഭോഗം കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, കാർ പൂളിംഗ് വ്യാപിപ്പിക്കുക, വിദേശ യാത്രകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

