തിരുവനന്തപുരം: മലയാള ഗാനങ്ങൾ ആലപിച്ച് കേരളക്കരയുടെ സ്നേഹം നേടിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
മലയാള ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഗ്രേഡി ലോങ്, ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഗാനം ആലപിച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. അദ്ദേഹത്തിന്റെ മലയാള ഉച്ചാരണം ഉൾപ്പെടെയുള്ള അവതരണം വലിയ പ്രശംസ നേടിയിരുന്നു.
വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ തീം സോങ്ങിലൂടെ മലയാള സിനിമയിലും ഗ്രേഡി ശബ്ദമൊരുക്കി. മലയാള സിനിമയിൽ ഗാനം ആലപിച്ച ആദ്യ അമേരിക്കൻ ഗായകനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
മലയാളിയായ ഹരിപ്പാട് സ്വദേശി സുജയാണ് ഗ്രേഡിയുടെ ഭാര്യ. സുജയിലൂടെയാണ് മലയാള ഗാനങ്ങളുമായി ഗ്രേഡിക്ക് അടുപ്പമുണ്ടായത്. പിന്നീട് മലയാള സംഗീതത്തോട് വലിയ ഇഷ്ടം തോന്നിയ ഗ്രേഡി നിരവധി ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടി.
സംഗീതസംവിധായകൻ ജെറി അമല്‍ദേവിന്റെ സാന്നിധ്യത്തിൽ ‘ആയിരം കണ്ണുമായ്’ ആലപിച്ച വീഡിയോ ഏറെ വൈറലായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിനും വഴിവെച്ചു.
അമേരിക്കയിലെ ജീവിതം ഉപേക്ഷിച്ച് കേരളത്തിലേക്ക് എത്തിയ ശേഷമാണ് സംവിധായകൻ ആന്റണി സോണിയിലൂടെ സംഗീതസംവിധായകൻ മെജോ ജോസഫിനെ ഗ്രേഡി പരിചയപ്പെടുന്നത്. തുടർന്ന് സിനിമാഗാന ആലാപനത്തിനും അവസരം ലഭിച്ചു.
മലയാള സംഗീതത്തെ അതിരുകളില്ലാതെ സ്നേഹിച്ച ഗ്രേഡി ലോങിന്റെ അപ്രതീക്ഷിത വിയോഗം ആരാധകർക്കും സംഗീതലോകത്തിനും വലിയ നഷ്ടമായി.

