Home Keralaവൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് കെഎസ്ഇബി, ‘എൽ നിനോ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു’

വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് കെഎസ്ഇബി, ‘എൽ നിനോ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു’

by news_desk1
0 comments

തിരുവനന്തപുരം: ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവ്, വൈദ്യുതി വാങ്ങുന്നതിലെ പ്രതിസന്ധി, ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യം എന്നിവയെ തുടർന്നാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമായതെന്ന് കെഎസ്ഇബി വിശദീകരിച്ചു. രാത്രി ഏഴ് മുതൽ എട്ട് മണി വരെ 514 മെഗാവാട്ടും, എട്ട് മുതൽ ഒമ്പത് വരെ 622 മെഗാവാട്ടും, ഒമ്പത് മുതൽ പത്ത് വരെ 580 മെഗാവാട്ടും, പത്ത് മുതൽ പതിനൊന്ന് വരെ 588 മെഗാവാട്ടും, പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ 578 മെഗാവാട്ടും, പന്ത്രണ്ട് മുതൽ ഒരു മണി വരെ 250 മെഗാവാട്ടും വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു.

ഇന്നലെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ കെഎസ്ഇബിയുടെ ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 17.32 ദശലക്ഷം യൂണിറ്റായി, ആകെ ഉപഭോഗത്തിന്റെ 19.9 ശതമാനം മാത്രം. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും രാത്രി 7.20-ന് 4,635 മെഗാവാട്ട് പീക്ക് വൈദ്യുതി ആവശ്യകത രേഖപ്പെടുത്തി. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനയുണ്ടായതായും കെഎസ്ഇബി വ്യക്തമാക്കി.

കാലവർഷക്കുറവ് മൂലം കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 58.58 ശതമാനമായിരുന്നു. ജൂൺ മാസത്തിൽ ഇതുവരെ പ്രതീക്ഷിച്ച നീരൊഴുക്കിന്റെ 58 ശതമാനം മാത്രമാണ് ലഭിച്ചത്. പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് പ്രധാന കാരണമെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടി.

അതേസമയം, എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ആവശ്യകത വർധിക്കുകയും ലഭ്യത കുറയുകയും ചെയ്ത സാഹചര്യം പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. മൺസൂൺ ശക്തിപ്രാപിച്ച് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതോടെ നിലവിലെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

You may also like