കൊച്ചി: മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ നൽകാനുള്ള നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. അഞ്ച് വർഷം മുഴുവൻ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.
“വി.ഡി. സതീശൻ പാലായിൽ എത്തിയപ്പോൾ തന്നെക്കുറിച്ച് പ്രത്യേകമായി പറഞ്ഞിരുന്നു. പോകുന്ന കാറിൽ അല്ല കാപ്പൻ മടങ്ങുക, കൊടി വെച്ച കാറിലായിരിക്കും തിരിച്ചുപോകുകയെന്ന് പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയും സമാനമായ വാഗ്ദാനം നൽകിയിരുന്നു. പറഞ്ഞ വാക്ക് പാലിക്കണം,” എന്നാണ് മാണി സി. കാപ്പന്റെ പ്രതികരണം.
‘ടീം യുഡിഎഫ്’ എന്ന നിലപാട് മുന്നോട്ടുവെക്കുന്ന സാഹചര്യത്തിൽ താനും അതിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മാണി സി. കാപ്പനും അനൂപ് ജേക്കബിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇരുവരും. സിഎംപിക്ക് മുഴുവൻ കാലാവധിയും മന്ത്രിസ്ഥാനം നൽകുന്നതിലും ഇരുവർക്കും എതിർപ്പുണ്ട്.
ഒരു എംഎൽഎ മാത്രമുള്ള കക്ഷികൾക്ക് തുല്യ പരിഗണന വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അതേസമയം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ശക്തമായി ഉന്നയിച്ചു. ഏഴ് എംഎൽഎമാർ വിജയിച്ച സാഹചര്യത്തിൽ പാർട്ടിയുടെ ആവശ്യം ന്യായമാണെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ മോൻസ് ജോസഫിന് പുറമെ അപു ജോസഫിനെയോ തോമസ് ഉണ്ണിയാടനെയോ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത. മന്ത്രി സ്ഥാനം ലഭിക്കാത്ത പക്ഷം ഇവരിൽ ഒരാൾ ചീഫ് വിപ്പാകുമെന്ന സൂചനയുമുണ്ട്.

