Home Top Storiesകർണാടക മാതൃക കേരളത്തിലും? മദ്യം വാങ്ങാൻ 23 വയസ് നിർബന്ധമാക്കാൻ നീക്കം; ‘നോ ഐഡി, നോ എൻട്രി’ ആലോചന

കർണാടക മാതൃക കേരളത്തിലും? മദ്യം വാങ്ങാൻ 23 വയസ് നിർബന്ധമാക്കാൻ നീക്കം; ‘നോ ഐഡി, നോ എൻട്രി’ ആലോചന

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് പൂർത്തിയായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനാണ് നീക്കം. ഇതിനായി കർണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിൽ തിരിച്ചറിയൽ രേഖ നിർബന്ധമായും പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനത്തെക്കുറിച്ചുള്ള ആലോചന. 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതിനുള്ള വിലക്ക് കൂടുതൽ ഫലപ്രദമായി നടപ്പാക്കുക എന്നതാണ് ലക്ഷ്യം. വീര്യം കുറഞ്ഞ മദ്യം യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിലെത്തിക്കുന്നുവെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രായപരിധി നിയന്ത്രണം കർശനമാക്കാനുള്ള നീക്കം. എക്സൈസ് മന്ത്രി പരിശോധിച്ച ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 18 വയസായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് അത് 21 വയസാക്കി ഉയർത്തി. തുടർന്ന് ഒന്നാം പിണറായി സർക്കാർ പ്രായപരിധി 23 വയസായി വർധിപ്പിച്ചു. എന്നാൽ, 23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകില്ലെന്ന ഉത്തരവ് കർശനമായി നടപ്പാക്കിയില്ലെന്നാണ് നിലവിലെ സർക്കാർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കർണാടക മാതൃകയിലുള്ള ‘നോ ഐഡി, നോ എൻട്രി’ സംവിധാനം കേരളത്തിലും നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

You may also like