ദില്ലി: അയോധ്യ ക്ഷേത്രത്തിലെ കോടികളുടെ കൊള്ളക്കേസ് സിബിഐക്ക് വിടുന്നതും ഉത്തർപ്രദേശ് സർക്കാരിന്റെ പരിഗണനയിലാണ്. കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യപ്രതി ടിന്നു യാദവിന്റെ സഹോദരൻ ആരോപിച്ചു.
സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അയോധ്യ പൊലീസാണ് രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ കൊള്ളയെക്കുറിച്ച് അന്വേഷണം നടത്തുന്നത്. നഷ്ടപ്പെട്ട പണമോ ആഭരണമോ എത്രയെന്നത് ഇതുവരെ കൃത്യമായി തിട്ടപ്പെടുത്താൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രത്യേക സംഘത്തിനായിട്ടില്ല. വലിയ സാമ്പത്തിക തിരിമറി നടന്ന കേസായതിനാലാണ് കേസ് സിബിഐക്കോ ഇഡിയ്ക്കോ വിടുന്നതിനെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച ട്രസ്റ്റിനെതിരെ ആരോപണം ശക്തമാകുമ്പോൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തുന്നതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അതേസമയം, ചമ്പത് റായിയുടെ അടുത്ത അനുയായിയായിരുന്നു ടിന്നു യാദവെന്ന് സഹോദരൻ ദിനേഷ് യാദവ് വെളിപ്പെടുത്തി. 20 വർഷമായി ഒപ്പമുണ്ടായിരുന്ന ടിന്നു, ചമ്പത് റായിയുടെ അറിവില്ലാതെ ഒരു രൂപ പോലും മോഷ്ടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയ ബാർ അസോസിയേഷൻ പൊലീസിൽ നേരിട്ട് പരാതി നൽകി. ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതിയായ ലവ് കുശ് മിശ്ര അയോധ്യയിൽ നിർമ്മിക്കുന്ന വീട് ഇടിച്ചുനിരത്താനും തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന ലവ് കുശ് മിശ്ര, ക്ഷേത്ര ജീവനക്കാരനായതിന് പിന്നാലെ ഒരു കോടി രൂപ ചെലവഴിച്ച് വീട് നിർമ്മിച്ചതായും അന്വേഷണത്തിൽ പറയുന്നു. തിങ്കളാഴ്ച ട്രസ്റ്റ് യോഗം നടക്കാനിരിക്കെ പുനഃസംഘടന സംബന്ധിച്ച് പ്രധാനമന്ത്രിയും ആർഎസ്എസ് നേതൃത്വവും ചർച്ച ആരംഭിച്ചു. കൂടുതൽ ആത്മീയ നേതാക്കളെ ട്രസ്റ്റിൽ ഉൾപ്പെടുത്താനാണ് നീക്കമെന്നാണ് വിവരം

