തിരുവനന്തപുരം: കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. അപകടം നടന്ന ഉടൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിപുരത്ത് കുരുതംകോട് ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ഓർഡിനറി ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയതിനാൽ അവരെ കാത്ത് ഓട്ടോയിൽ നിൽക്കുകയായിരുന്ന വെട്ടിയിൽതടം സ്വദേശി സജീറിനാണ് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതര പരിക്കേറ്റ സജീറിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നതിനു പിന്നാലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്ത് നിന്ന് ഇറങ്ങി ഓടിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
വിവരമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

