രാജ്യം മുഴുവൻ നടുങ്ങിയ നീറ്റ് പരീക്ഷാ ക്രമക്കേട് ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയും വിൽപ്പനയും സംഘടിതമായി നടന്നുവെന്ന വെളിപ്പെടുത്തലുകൾ സാധാരണ പരീക്ഷാ തട്ടിപ്പെന്ന പരിധി കടന്നിരിക്കുന്നു. കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവിയും മാതാപിതാക്കളുടെ പ്രതീക്ഷകളും അധ്വാനവും ഒറ്റ നിമിഷം കൊണ്ട് ചൂതാട്ടമാക്കിയ ക്രൂരമായ കുറ്റകൃത്യമാണിത്. 22 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ കുംഭകോണങ്ങൾ ആവർത്തിക്കപ്പെടുന്നത് യാദൃശ്ചികമല്ല; വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ തകർന്നുപോകുന്നതിന്റെ ഭീകര സൂചനകളാണ് അവ.
ഒരു വിദ്യാർഥിക്കായി നീറ്റ് പരീക്ഷ വെറും ഒരു പ്രവേശനപരീക്ഷയല്ല. അത് വർഷങ്ങളായുള്ള അധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, കുടുംബങ്ങളുടെ സാമ്പത്തിക ത്യാഗങ്ങൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ എന്നിവയുടെ ആകെയുള്ള സംഗ്രഹമാണ്. ഓരോ മാർക്കിനും പിന്നിൽ ഒരു ജീവിതത്തിന്റെ പരിശ്രമമുണ്ട്. ആ സ്വപ്നങ്ങളെ പണത്തിന് വിൽക്കാൻ തയ്യാറായ മാഫിയകൾ രാജ്യത്തിന്റെ ഭാവിയെ തന്നെ കൊള്ളയടിക്കുകയാണ്. അതിലും വേദനാജനകമായത്, വിദ്യാർഥികളോട് കാണിക്കുന്ന സമീപനമാണ്.
പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ കുറ്റവാളികളെപ്പോലെ വിദ്യാർഥികളെ പരിശോധനകൾക്ക് വിധേയരാക്കുന്ന സംവിധാനമാണ് ഇന്ന് നിലനിൽക്കുന്നത്. മാനസിക സമ്മർദത്തിന്റെയും ഭീതിയുടെയും നടുവിൽ പരീക്ഷ എഴുതേണ്ടിവരുന്ന അവസ്ഥ ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അധികാരികൾ വിദ്യാർഥികൾക്കുമേൽ മാത്രം കർശനത അടിച്ചേൽപ്പിക്കുന്നത് ധാർമികമായും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ആശയപരമായ പരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്ന സമീപനം രാജ്യത്തെ അപകടകരമായ വഴിയിലേക്കാണ് നയിക്കുന്നത്. സർവകലാശാലകളുടെയും പരീക്ഷാ സംവിധാനങ്ങളുടെയും സ്വതന്ത്രത സംരക്ഷിക്കപ്പെടേണ്ട സമയമാണിത്.
വിശ്വാസ്യത നഷ്ടപ്പെട്ട വിദ്യാഭ്യാസ സംവിധാനം ഒരു രാജ്യത്തിന്റെ ഭാവിയെ തന്നെ തകർക്കും.നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മുഖം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അതോടൊപ്പം തന്നെ പരീക്ഷാ സംവിധാനത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങളും വിദ്യാർഥി സൗഹൃദമായ മാറ്റങ്ങളും അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഭിമാനമായ വിദ്യാർഥിസമൂഹത്തോട് കേന്ദ്ര സർക്കാർ മറുപടി പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവരുടെ വിശ്വാസം വീണ്ടെടുക്കാനും ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടികളാണ് വേണ്ടത്. സ്വപ്നങ്ങൾ വിറ്റഴിക്കപ്പെടുന്ന വിപണിയായി വിദ്യാഭ്യാസ രംഗം മാറാൻ അനുവദിക്കരുത്.

