കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം ഇന്ന് ആശങ്കപ്പെടുത്തുന്ന വിധത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യത്തിന്റെ സ്വാഭാവിക സൗന്ദര്യമായി കാണേണ്ട ഇടത്ത്, അവയെ വ്യക്തിഹത്യയിലേക്കും സൈബർ ആക്രമണങ്ങളിലേക്കും തള്ളിവിടുന്ന പ്രവണത ശക്തിപ്പെടുകയാണ്. ഏറ്റവും ഗുരുതരമായ കാര്യം, ഈ സൈബർ ആക്രമണങ്ങൾക്ക് ഇന്ന് കക്ഷി, ജാതി, മതം എന്ന വേർതിരിവുകളൊന്നുമില്ല എന്നതാണ്. അധികാരപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ, സാമൂഹ്യമാധ്യമങ്ങളിൽ സംഘടിതമായ ആക്രമണസംഘങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുകയാണ്. ഒരേ വേദിയിൽ നിന്ന് കൈകോർത്തു നടന്നവർ പോലും ഒരു വിഷയത്തിൽ അഭിപ്രായം മാറിയാൽ അടുത്ത നിമിഷം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ശത്രുവായി മാറുന്ന കാഴ്ചയാണ് ഇന്ന് സാധാരണം. തെറിവിളിയും വ്യക്തിഹത്യയും അപവാദപ്രചാരണവും കൊലവിളിയും വരെ നീളുന്ന ഈ ആക്രമണങ്ങൾ കേവലം രാഷ്ട്രീയ തർക്കങ്ങളല്ല; ജനാധിപത്യ സംവാദത്തെ തന്നെ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ്. ഇത് പുതിയ അനുഭവവുമല്ല.
കോൺഗ്രസ് എം.എൽ.എക്കെതിരായ ലൈംഗികാതിക്രമ ആരോപണ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ സ്വന്തം പാർട്ടിയുമായി ബന്ധമുള്ള സൈബർ അക്കൗണ്ടുകളിൽ നിന്ന് കടുത്ത അധിക്ഷേപവും ഭീഷണിയും നേരിട്ടിരുന്നു. അന്ന് സംഭവിച്ചത് ഇന്ന് മറ്റൊരു രൂപത്തിൽ ആവർത്തിക്കപ്പെടുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാവ് വി.എം. സുധീരൻ അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ സംഘടിത സൈബർ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന തെറിവിളികളും വ്യക്തിപരമായ അധിക്ഷേപങ്ങളും ജനാധിപത്യ രാഷ്ട്രീയത്തെ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം, ഈ ആക്രമണങ്ങളിൽ കോൺഗ്രസ് അനുഭാവികളും ചില നേതാക്കളും വരെ പങ്കാളികളാകുന്നുവെന്നതാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളിൽ നിന്നാണ് ഇത്തരം അസഹിഷ്ണുത ഉയരുന്നത് എന്നത് വിരോധാഭാസമാണ്. വി.എം. സുധീരൻ ഒരു സാധാരണ പ്രവർത്തകനല്ല. എം.എൽ.എയും മന്ത്രിയും എം.പിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന അദ്ദേഹം, കോൺഗ്രസിന്റെ ധാർമ്മിക രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊരാളാണ്. കേരളത്തിൽ വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതിലും പിന്നീട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിലും നിർണായക രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച വ്യക്തിയുമാണ്. അത്തരം ഒരു നേതാവിനെതിരെ സംഘടിത വ്യക്തിഹത്യ നടക്കുമ്പോൾ അതിനെതിരെ സ്വന്തം പാർട്ടി നേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണ്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഒരുകാലത്ത് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചിരുന്നുവെങ്കിൽ, ഇന്ന് അതിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് സൈബർ ഗുണ്ടാസംഘങ്ങളാണ്. വ്യാജ അക്കൗണ്ടുകളും ട്രോൾ പേജുകളും സംഘടിത പ്രചാരണങ്ങളുമാണ് പുതിയ കാലത്തിന്റെ ആയുധങ്ങൾ. ആരെയെങ്കിലും മാനസികമായി തകർക്കാനും സാമൂഹികമായി ഒറ്റപ്പെടുത്താനും രാഷ്ട്രീയമായി ഇല്ലാതാക്കാനുമുള്ള ഉപാധിയായി സൈബർ ആക്രമണങ്ങൾ മാറിയിരിക്കുന്നു.
ഇത്തരം പ്രവണതകൾക്ക് ഏറ്റവും വലിയ പ്രോത്സാഹനം നൽകുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനമാണ്. സ്വന്തം അനുയായികൾ നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാൻ പോലും നേതൃത്വം തയ്യാറാകാത്തിടത്ത്, മൗനം പലപ്പോഴും അനുമതിയായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടുതന്നെ വി.ഡി. സതീശനും കെ.പി.സി.സി നേതൃത്വവും വി.എം. സുധീരനെതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങളെ പരസ്യമായി തള്ളിപ്പറയേണ്ടത് അനിവാര്യമാണ്. അത് ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനല്ല; കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നതായി അവകാശപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനാണ്. സുധീരൻ ഉന്നയിച്ച അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട സർക്കാർ നയത്തെക്കുറിച്ച് സമൂഹത്തിൽ വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നാൽ അഭിപ്രായവ്യത്യാസത്തിന് മറുപടിയായി അധിക്ഷേപവും വ്യക്തിഹത്യയും തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തത്തിന്റെ ലക്ഷണമാണ്. അധികാരത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഒരേ നിലപാടായിരിക്കണം രാഷ്ട്രീയ പാർട്ടികൾക്ക്.
ഇന്നലെ എതിർത്ത കാര്യത്തെ ഇന്ന് ന്യായീകരിക്കേണ്ടി വരുമ്പോൾ അതിന് ജനങ്ങളോട് വിശദീകരണം നൽകാനുള്ള ബാധ്യതയുണ്ട്. അതിന് പകരം വിമർശിക്കുന്നവരെ സൈബർ കൂട്ടങ്ങളെ ഉപയോഗിച്ച് ആക്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരം സഹിഷ്ണുതയുടെയും സംവാദത്തിന്റെയും പാരമ്പര്യത്തിലാണ് വളർന്നത്. ആ പാരമ്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഒരുപോലെയാണ്. അഭിപ്രായവ്യത്യാസങ്ങൾ ശത്രുതയാകുകയും വിമർശനം വ്യക്തിഹത്യയാകുകയും ചെയ്യുന്ന സാഹചര്യം തുടർന്നാൽ നഷ്ടമാകുന്നത് ഒരു നേതാവിന്റെ പ്രതിച്ഛായ മാത്രമല്ല; കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരം തന്നെയായിരിക്കും. സൈബർ ആക്രമണങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കെതിരെ എല്ലാ പാർട്ടികളും ഒരേ ശബ്ദത്തിൽ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം, ഇന്ന് ഇരയായത് ഒരു നേതാവാണെങ്കിൽ നാളെ അതേ ആയുധം മറ്റൊരാളുടെ നേരെയും തിരിയുമെന്നതാണ് ചരിത്രം പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.

